
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഏപ്രില്‍ വരെ നീട്ടി.
ദമ്മാമില്‍നിന്ന് ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 11 വരെ തുടരും. അതേസമയം ദമ്മാമില്‍നിന്ന് മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ തുടരും. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തിലാണ് ദമ്മാം വഴി 10 ഇടങ്ങളിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നത്.
ബഹ്റൈനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ കര വഴിയുള്ള ഗതാഗതവും നല്‍കും. ഈ ഗതാഗതം ഉപയോഗിക്കുന്നവരും ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുമായവര്‍ക്ക് മാത്രമായി സൗദി അറേബ്യ ട്രാന്‍സിറ്റ് വിസ സഹായം ഗള്‍ഫ് എയര്‍ നല്കുന്നു.
അന്തിമ ലക്ഷ്യസ്ഥാനം സൗദി അറേബ്യയായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം.
ഗള്‍ഫ് എയറിന്റെ gulfair.com എന്ന വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം.


