
മനാമ: സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍ വിശുദ്ധ റമദാന് മാസത്തില്‍ സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി അറിയിച്ചു.
ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് 200 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസഹായ പദ്ധതി. ഒരു വാണിജ്യ ഔട്ട്ലെറ്റില്നിന്ന് അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് വൗച്ചറുകള്‍ നല്കുന്നു. കൂടാതെ, റമദാന് ബാങ്ക്വറ്റ്സ് (ഫാമിലി ഇഫ്താര്‍) പദ്ധതി 600 കുടുംബങ്ങള്‍ക്ക് ഭക്ഷണ വൗച്ചറുകള്‍ വഴി പ്രയോജനം ചെയ്യുന്നു. വിശുദ്ധ മാസത്തില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായിക്കുന്നു.
1,000 കുട്ടികള്‍ക്കുള്ള ഈദുഅല് ഫിത്തര്‍ വസ്ത്ര പദ്ധതിയാണ് മറ്റൊന്ന്. ഇതില്‍ ഓരോ കുടുംബത്തിനും ഒരു വാണിജ്യ ഔട്ട്ലെറ്റില് നിന്ന് വസ്ത്ര വൗച്ചറുകള്‍ നല്കി.
ഇഫ്താര്‍ ടേബിളുകള്‍ തയ്യാറാക്കുന്നതിനായി കമ്മ്യൂണിറ്റി സെന്ററുകളുമായി സഹകരിച്ച്, പ്രതിദിനം 2,000 നോമ്പുകാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഇഫ്താര്‍ സഈം പദ്ധതിയും (പ്രവാസി സമൂഹങ്ങള്‍ക്കായി) ഡയറക്ടറേറ്റ് നടപ്പിലാക്കി.
റമദാന് മാസത്തില്‍ രാജ്യത്തുടനീളമുള്ള പള്ളികളിലേക്ക് ഏകദേശം ഒരു ദശലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ (ഏകദേശം 40,000 കാര്‍ട്ടണുകള്‍) വിതരണം ചെയ്യുന്ന ‘മാ’ സബീല്‍’ പദ്ധതിയും നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


