
ആലപ്പുഴ: പാർട്ടിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരായ സി പി എം പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ നടത്തിയ പൊതുസമ്മേളനത്തിനിടയിലെ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പ്രസംഗത്തിനിടെയിലാണ് പ്രവർത്തകരുടെ തിരുത്തുണ്ടായത്. സുധാകരൻ വർഗവഞ്ചകനെന്ന് പ്രഖ്യാപിച്ച് സി പി എം നടത്തിയ പൊതുസമ്മേളനത്തിലെ പ്രസംഗത്തിലുടനാളം ജില്ലാ സെക്രട്ടറി, സുധാകരനെ ‘സഖാവ്’ എന്ന് വിശേഷിപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കണ്ട എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു. പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി സഖാവ് എന്ന് വിശേഷിപ്പിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ഇടപെടിലിന് പിന്നാലെ വിളിച്ചു ശീലിച്ചത് കൊണ്ടാണ് ‘സഖാവ്’ പ്രയോഗം കടന്നുവന്നതെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചു. അതേസമയം വി എസ് അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച് സുധാകരന്റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്.
സുധാകരന്റെ സഹോദരനായ ഭുവനേശ്വന്റെ രക്തസാക്ഷിത്വമടക്കം ഓർമ്മിപ്പിച്ചുകൊണ്ട് ‘ഭുവനേശ്വര അനശ്വര’ മുദ്രാവാക്യം മാർച്ചിൽ ഉടനീളം ഉയർന്നുകേട്ടു. സുധാകരന്റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. ‘വർഗവഞ്ചനയ്ക്ക് മാപ്പില്ല’, ‘യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ’, ‘പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം’, ‘ജി സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ, തോറ്റും മടങ്ങും ഉറപ്പാണേ’, എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു സി പി എം മാർച്ച്. പൊതുസമ്മേളനത്തിൽ സംസാരിച്ച അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി, ജില്ലാ സെക്രട്ടറി ആർ നാസർ, സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരന്റെ ബന്ധുവുമായ സി എസ് സുജാത, എച്ച് സലാം എം എൽ എ എന്നിവർ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്.


