
മനാമ: ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഇറാനിയന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലും ബഹ്റൈന്റെ ബാങ്കിംഗ്, ധനകാര്യ മേഖല ഏറ്റവും ഉയര്‍ന്ന തലത്തില്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) അറിയിച്ചു.
രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായും ശക്തമായ സുരക്ഷാ നടപടികളോടെയും സേവനങ്ങള്‍ നല്‍കുന്നത് തുടരുന്നുണ്ട്. വിപുലമായ നിയന്ത്രണ ചട്ടക്കൂടുകളുടെയും വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്ത ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും പിന്തുണയോടെയാണ് ഇവ നടപ്പാക്കുന്നത്.
സംഘര്‍ഷ സാഹചര്യം ആരംഭിച്ചതുമുതല്‍ സാമ്പത്തിക സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ മേഖലയിലെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തി മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും സി.ബി.ബി. വ്യക്തമാക്കി.


