
മനാമ: ബഹ്റൈനിലെ സിത്രയില്‍ ഇറാനിയന്‍ ആക്രമണങ്ങളില്‍ നാശനഷ്ടമുണ്ടായ വീടുകളുടെയും സ്വത്തുക്കളുടെയും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവുകളും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്.
കിരീടാവകാശി നിയോഗിച്ചതനുസരിച്ച് സിത്ര സന്ദര്‍ശിച്ച വേളയില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ലയോടൊപ്പമുണ്ടായിരുന്നു.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പരിക്കേറ്റവരുടെ കുടുംബങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള ചികിത്സ, ആവശ്യമുള്ളപ്പോള്‍ സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ നിയോഗിക്കല്‍, ആവശ്യമെങ്കില്‍ വിദേശത്ത് ചികിത്സ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


