
മനാമ: നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഊര്‍ജിതമാക്കി.
ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കാനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.
വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


