
തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിൻ്റെ പാതയിലാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കാട്ടാക്കട തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് പോയ വർഷം കൈവരിച്ചത്. 2,58,80,365 വിനോദസഞ്ചാരികളാണ് 2025ൽ കേരളത്തിലെത്തിയത്. 2024നേക്കാൾ 28 ലക്ഷത്തിലധികം പേരാണ് കേരളം സന്ദർശിച്ചത്.

കഴിഞ്ഞ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനം വർധനവുണ്ടായി. 2,50,58,366 ആഭ്യന്തര വിനോദ സഞ്ചാരികളാണ് പോയവർഷം സംസ്ഥാനത്തെത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 11.33 ശതമാനം വർധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ പത്രങ്ങളും മാസികകളും യാത്രാ വെബ്സൈറ്റുകളും ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ അദ്ദേഹം കേരളം മത്സരിക്കുന്നത് ലോക രാജ്യങ്ങളോടാണെന്ന് കൂട്ടിച്ചേർത്തു.
കാട്ടാക്കട മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി തൂങ്ങാംപാറ മാറാൻ പോകുകയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ. ബി സതീഷ് എംഎൽഎ പറഞ്ഞു. എക്കോ ടൂറിസം പദ്ധതി പ്രദേശത്തിൻ്റ ഭാവി വികസനത്തിൻ്റെ പ്രവേശന കവാടമായിരിക്കുമെന്നും എംഎൽഎ പറഞ്ഞു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. പാറയുടെ മുകളിൽ കയറുവാനുള്ള പടവുകൾ, ശൗചാലയം, ലഘു ഭക്ഷണശാല, ഓപ്പൺ സ്റ്റേജ്, വിശ്രമസ്ഥലം, ടെൻ്റുകൾ ഉറപ്പിക്കുന്നതിനുള്ള ഇടം, സംരക്ഷണഭിത്തി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ തയ്യാറാക്കിയത്.
ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അനുഷ്മ ബഷീർ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ജെ സുനിത, വൈസ് പ്രസിഡന്റ് കെ.സുധീഷ് കുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


