
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന് സിദ്ദിഖിന് യു.എ.ഇ. സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്പോര്‍ട്ട് തിരികെ നല്കി.
ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31ന് പാസ്പോര്‍ട്ട് കോടതിയില്‍ തിരച്ചുനല്‍കണം.
2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് സിദ്ദിഖ് പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസില്‍ പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിലുണ്ട്.


