
മനാമ: ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ബെനിഫിറ്റുമായി സഹകരിച്ച് ‘കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം’ ആരംഭിച്ചു.
ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സുതാര്യത വര്‍ധിപ്പിക്കാനും ബിസിനസുകളുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ സംരംഭങ്ങളുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ സ്ഥിതി പ്രതിഫലിപ്പിക്കുന്ന കൂടുതല്‍ കൃത്യവും സുതാര്യവുമായ ക്രെഡിറ്റ് വിലയിരുത്തലുകള്‍ നല്‍കാനാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ ഡാറ്റയുടെയും ഏകീകൃത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഫണ്ടിംഗ് അനുവദിക്കാന്‍ വായ്പ നല്‍കുന്നവരെ പ്രാപ്തരാക്കുന്നതിനൊപ്പം ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കാന്‍ ഒരു അധിക ധനസഹായ ഓപ്ഷന് ഇതുവഴി ലഭിക്കും.


