
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തി.
അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു.
സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ട്രംപ് നല്കിയ ക്ഷണത്തിന് രാജാവ് നന്ദി പറഞ്ഞു. മദ്ധ്യപൂര്‍വദേശത്തും അതിനപ്പുറത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും പ്രാദേശിക അന്തര്‍ദേശീയ വെല്ലുവിളികളെ നേരിടാനുള്ള സംഭാഷണവും സഹകരണവും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണ രാജാവ് പ്രഖ്യാപിച്ചു.
ഗാസ മുനമ്പില്‍ സുസ്ഥിര സമാധാനമുണ്ടാക്കാനും അതിന്റെ പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കാനും ഗാസയ്ക്കായി നിര്‍ദേശിച്ചിരിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനും പലസ്തീന് ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത വര്‍ധിപ്പിക്കാനുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് സ്വാഗതം ചെയ്തു. അതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, റോയല്‍ കോര്‍ട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, മാധ്യമകാര്യങ്ങള്ക്കായുള്ള രാജാവിന്റെ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍, രാജാവിന്റെ നയതന്ത്ര കാര്യ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, റോയല്‍ പ്രോട്ടോക്കോള്‍ മേധാവി ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഫദ്ല, രാജാവിന്റെ പേഴ്സണല്‍ സെക്രട്ടറി ഹമദ് ബിന്‍ അലി അല്‍ കാബി, സ്പെഷ്യല്‍ ഫോളോ-അപ്പ് അഫയേഴ്സ് മേധാവി മുഹമ്മദ് ബിന്‍ ബഹുസൈന്‍ അല്‍ മുസല്ലം, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖലീഫ എന്നിവര്‍ രാജാവിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലുണ്ട്.


