
മനാമ: ബഹ്റൈനും യു.എ.ഇയും ചേര്‍ന്ന് ‘സിംഗിള്‍ ട്രാവല്‍ പോയിന്റ്’ എയര്‍ സര്‍വീസ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.
2025 നവംബര്‍ 12ന് കുവൈത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 42ാമത് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ജി.സി.സി. ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബഹ്റൈന്‍ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദില്‍, യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി, ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
യാത്രക്കാര്‍ക്ക് പുറപ്പെടുന്ന രാജ്യത്ത് അവരുടെ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നൂതന പ്രവര്‍ത്തന മാതൃകയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറല്‍ അല്‍ ഫാദില്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും സേവന നിലവാരം വര്‍ധിപ്പിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


