
മനാമ: ബഹ്റൈനില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു.
മലപ്പുറം സ്വദേശി യൂനുസ് പൈനാട്ടില്‍ (52) ആണ് പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) ബഹ്റൈന്‍ ചാപ്റ്ററിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. യൂനുസ് ഡെലിവറി സാധനങ്ങളുമായി ബൈക്കില്‍ പോകുമ്പോള്‍ ജുഫൈറിലെ ലുലു ഹൈപ്പര്‍ മാര്ക്കറ്റിനടുത്തുവെച്ച് ഒരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത ആളാണ് കാറോടിച്ചിരുന്നത്. അപകടം നടന്നയുടന്‍ അയാള്‍ ഓടി രക്ഷപ്പെട്ടു. യൂനുസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കപ്പെട്ട യൂനുസിന് നാലു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. വലതുകാലിന് ഗുരുതരമായ ഒടിവുകള്‍ സംഭവിച്ചതിനാല്‍ സ്റ്റീല്‍ ദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു.
ചികിത്സാവേളയില്‍ സഹായത്തിന് പി.എല്‍.സി. പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. യൂനുസിന് കൂടുതല്‍ ചികിത്സകള്‍ ആവശ്യമാണെന്നും തുടര്‍ച്ചയായി കൂടെ നിന്ന് സഹായിക്കാന്‍ ആളില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് നാട്ടിലേക്കയച്ചതെന്നും പി.എല്‍.സി. ഗ്ലോബല്‍ പി.ആര്.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു.


