
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ധനസഹായ കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
ബഹ്റൈന്‍ സര്‍ക്കാരും അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടും തമ്മിലുള്ള കരാറാണിത്. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി കരാറിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റും അംഗീകരിച്ചത്.
സതേണ്‍ ഗവര്‍ണറേറ്റ് മുതല്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് വരെയുള്ള പ്രദേശങ്ങളില്‍ യാത്രാസൗകര്യത്തിനായി രൂപകല്‍പ്പന ചെയ്ത വിശാലമായ റോഡ് ശൃംഖലയുടെ ഭാഗമാണ് രണ്ടാംഘട്ടം. തിരക്ക് ലഘൂകരിക്കാനും വാണിജ്യ, വ്യാവസായിക, പാര്‍പ്പിട മേഖലകളിലെ വികസനത്തെ സഹായിക്കാനുമായി ഒന്നിലേറെ സെപ്പറേറ്റഡ് ഇന്റര്‍സെക്ഷനുകള്‍, ഇരുവശങ്ങളിലേക്കുമുള്ള പാതകള്‍, പ്രധാന ഇടങ്ങളിലെ ട്രാഫിക് സിഗ്നലുകള്‍ ഒഴിവാക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


