
മനാമ: ബഹ്റൈനിൽ ഇന്ത്യക്കാരനായ ബിനു ദിവാകരൻ (45) എന്ന കെട്ടിടനിർമാണ തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച കേസിൽ കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് ഹൈ ക്രിമിനൽ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.
മാനേജർ അപകടത്തിന് ഭാഗികമായി കാരണക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ബിനു ഒരു ഗോഡൗൺ കെട്ടിടത്തിനു മുകളിൽ ലോഹ റൂഫിംഗ് ഷീറ്റ് ഘടിപ്പിക്കുന്നതിനിടയിൽ ശക്തമായി വീശിയ കാറ്റിൽ ഷീറ്റ് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. 12 മീറ്റർ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് ബിനു മരിച്ചത്.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചു എന്ന കുറ്റമാണ് മാനേജർക്കെതിരെ ചുമത്തിയത്.


