മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ദ പ്രീസ്റ്റിന്റ്റെ ചിത്രീകരണം നിർത്തിവച്ചു. ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഈ സിനിമയുടെ ചിത്രീകരണം താത്കാലീകമായി നിർത്തിവച്ചത്. ഫൈറ്റ്മാസ്റ്റേഴ്സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയിലും സാങ്കേതിക പ്രവര്‍ത്തകർ യൂണിറ്റംഗങ്ങള്‍ അടക്കമുള്ളവർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും പിസിആര്‍ ടെസ്റ്റ് നടത്തിയത്തിനു ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 29ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചിത്രീകരണത്തിന്റ്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. മമ്മൂട്ടിയെയും മഞ്ജു വാര്യരെയും ആദ്യമായി ഒന്നിപ്പിക്കുന്ന ഈ ക്രൈം ത്രില്ലറിന്റ്റെ തിരക്കഥ ദീപു പ്രദീപ്, ശ്യാം മേനോന് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം.