തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന്നതൊഴികെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ ലോക്ക് ഡൗണ്‍ ഇളവുകളും സംസ്ഥാനത്ത് ഇന്നുമുതൽ നടപ്പാക്കി തുടങ്ങും. സെക്രട്ടറിയേറ്റ് അടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിച്ചിരുന്ന ഹാജര്‍ നില നൂറ് ശതമാനമാക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍ ഏഴ് ദിവസത്തേയ്ക് ക്വാറന്റൈനില്‍ പോകണം. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവ് ആയാൽ വീണ്ടും 7 ദിവസം ക്വാറന്റൈന് നിര്‍ബന്ധമില്ല. എന്നാൽ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കുന്നതാണ് ഉചിതം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.