കൊല്ലം: കുളത്തൂപ്പുഴയില്‍ പെൺസുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിന്റെ തലയ്ക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്കിയ മൊഴി.
എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തലക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.യുവതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.