ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കളെ ചൈനീസ് സൈന്യം കടത്തികൊണ്ടു പോയതെന്ന് സ്ഥിരീകരണം. കാണാതായ അഞ്ച് പേരും ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യുവാക്കളെ വിട്ടു കിട്ടുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കളെ കാണാതായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ചൈനീസ് സൈന്യത്തിന്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിനാണ് ചൈന- ഇന്ത്യ അതിര്‍ത്തിയിലെ സുബന്‍സിരി ജില്ലയില്‍ നിന്നും ചൈനീസ് സൈന്യം യുവാക്കളെ കടത്തികൊണ്ട് പോയത്. പ്രദേശത്തെ കാട്ടില്‍ വേട്ടയ്ക്കായി പോയതായിരുന്നു ഏഴംഗ സംഘം. ഇതിനിടെയാണ് ചൈനീസ് സൈന്യം ഇവരെ തട്ടിക്കൊണ്ട് പോയത്. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പേരാണ് വിവരം പോലീസിനെ അറിയിച്ചത്.