മനാമ :ബഹ്റൈൻ ഗുദൈബിയ വളണ്ടിയർ വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി .മുഹറം കാമ്പയിനിന്റെ ഭാഗമായി വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ കേരളത്തിലെ മത രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു സംസാരിച്ചു . മുസ്ലിം യൂത്തു ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ആർ .എസ് .പി. സംസ്ഥാന നേതാവും എംപി യുമായ എൻ . കെ . പ്രേമചന്ദ്രൻ മുഖ്യ അതിഥി ആയിരുന്നു. എസ് വൈ എസ് സംസഥാന കാര്യദർശി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ വിഷയാവതാരകനായും, കവിയും എഴുത്തുകാരനും , പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണൻ , ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് എം ലിജു , , അഡ്വക്കേറ്റ് ഫൈസൽ ബാബു ,റഷീദ് ഗസ്സാലി എന്നിവർ വിഷയാസ്പദമായി സംസാരിച്ചു .
എല്ലാവരെയും ഉൾകൊള്ളുന്ന ബഹുസ്വരതയുടെ ഇന്ത്യ എന്ന ഗാന്ധിജിയുടെ സ്വപ്നം ഇന്ന് ഏകാധിപത്യത്തിലേക്കു പോകുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് എന്നും എന്നാൽ ഗാന്ധിജിയുടെ പിന്നിൽ അണിനിരന്നു വളരെ ത്യാഗം സഹിച്ചു നാം നേടിയെടുത്ത ഇന്ത്യയുടെ സ്വാതത്ര്യം നില നിർത്താനും , വീണ്ടെടുക്കാനും നാം ആശയപരമായി പോരാട്ടം നടത്തണമെന്നും അതൊരിക്കലും വൈകാരികതയിലേക്കു പോകാൻ പാടില്ല എന്നും , ഈ നിരാശാജനകമായ അവസ്ഥായിൽ നിന്നും നമുക്ക് മതനിരപേക്ഷത ഉയർത്തിപിടിക്കാനുള്ള ഊർജം ആര്ജിച്ചെടുക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ സയ്യിദ് മുനവ്വറലി തങ്ങൾ ഓർമപ്പെടുത്തി .
തുടർന്ന് സംസാരിച്ച ആലംകോട് ലീലാകൃഷ്ണൻ ഭരണഘടന അട്ടിമറിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് ഭരണകൂടം തന്നെയാണെന്നത് ഇന്ത്യ മുഴുവൻ ആശങ്കക്ക് വഴി വെച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു . തുടർന്ന് പ്രഭാഷണം നടത്തിയവർ ഇന്ത്യയുടെ മത നിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു .രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ആസ്റ്റർ മെഡിക്കൽ ക്ലിനിക് ഡയറക്ടർ പി . കെ . ഷാനവാസിന്റെ അധ്യക്ഷതയില്‍ സനാഫ് റഹ്മാൻ സ്വാഗതവും, ബിജു കുന്നന്താനം, റഊഫ് മാട്ടൂൽ,ജാഫര്‍ മൈധാനി എന്നിവര്‍ ആശംസയും മഹ്മൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു…