മേപ്പാടി: ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ചൂരൽ മലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദുരന്തബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥയ്ക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. രാജ്യത്തുനിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽനിന്ന് ലഭ്യമാകുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്തബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.