കൊച്ചി: നായയെ പാർപ്പിച്ചിരുന്ന പഴയ കൂട് അന്യസംസ്ഥാന തൊഴിലാളിക്ക് വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകി. കെട്ടിടനിർമ്മാണ തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മൂന്നു മാസമായി പട്ടിക്കൂട്ടിൽ കഴിഞ്ഞിരുന്നത്. പിറവം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൂരയിൽ ജോയി 500 രൂപയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നൽകിയെന്ന് നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു.
പൊലീസ് ശ്യാമിനെയും ജോയിയെയും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്ന് ശ്യാം മൊഴി നൽകിയതിനാൽ ജോയിയെ കേസെടുക്കാതെ വിട്ടയച്ചു.അഞ്ച് വർഷമായി പിറവത്ത് വിവിധയിടങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ശ്യാം സുന്ദർ. സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ വലിയ വാടക നൽകി താമസിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തുവഴി ജോയിയുടെ പട്ടിക്കൂട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. കൂടിന്റെ ഗ്രില്ലുകൾ കാർഡ്ബോർഡുകൊണ്ട് മറച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്.