മനാമ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് മൂലമുണ്ടായ ആഗോള സാങ്കേതിക പ്രശ്നങ്ങള്‍ ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നും അവിടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
ആഗോള സാഹചര്യം സജീവമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളുടെ തത്സമയ അവസ്ഥ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിക്കണം.
ചില വിമാനങ്ങള്‍ റദ്ദാക്കല്‍, കാലതാമസം, അല്ലെങ്കില്‍ റീഷെഡ്യൂള്‍ എന്നിവ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും ബാഹ്യഘടകങ്ങള്‍ മൂലമാണെന്നും അതാത് എയര്‍ലൈനുകള്‍ അതിനുള്ള പരിഹാര നടപടികള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ബി.എ.സി. വ്യക്തമാക്കി.