കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് സി.പി.എം. സെനറ്റ് അംഗങ്ങൾ തടഞ്ഞു.
പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വി.സി. ഡോ: സാജു ഇന്ന് വിളിച്ചുചേർത്ത സെനറ്റിന്റെ വിശേഷാൽ യോഗത്തിൽ സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് സി.പി.എം. അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജണ്ടയിൽനിന്ന് പ്രതിനിധി തെരഞ്ഞെടുപ്പ് പിൻവലിച്ചു. സെർച്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച സി.പി.എം. സെനറ്റ് അംഗം, യു.ഡി.എഫ്. അംഗങ്ങൾ ആക്റ്റും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാണിച്ച് നിയമപ്രശ്നമുന്നയിച്ചപ്പോൾ പ്രമേയം പിൻവലിച്ചു. വി.സി. തന്നെ നിശ്ചയിച്ച അജണ്ട പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം വി.സി. അംഗീകരിച്ചില്ല.
ഗവർണർ സ്വന്തം താൽപര്യപ്രകാരം നിയമിച്ച വി.സി. തന്നെ ഗവർണർ ആവശ്യപ്പെട്ട പ്രകാരം സേർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ട അജണ്ട സി.പി.എം. അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പിൻവലിച്ചത് ദൗർഭാഗ്യകരമാണെന്ന് സെനറ്റേഴ്സ് ഫാറം കൺവീനർ ഡോ: ഷിനോ പി. ജോസ് പറഞ്ഞു. ആക്റ്റും സ്റ്റാറ്റ്യൂട്ടും കൃത്യമായി പഠിക്കാതെ റൂളിംഗ് നടത്തിയ വൈസ് ചാൻസലറുടെ ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചത്. സ്റ്റാറ്റ്യൂട്ട് പഠിക്കാതെ പ്രമേയമവതരിപ്പിക്കാൻ അനുമതി തേടിയപ്പോൾ യു.ഡി.എഫ്. അംഗങ്ങൾ നിയമപ്രശ്നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാലാണ് സി.പി.എം. അംഗത്തിന് പ്രമേയം പിൻവലിക്കേണ്ടിവന്നത്. കേരള യൂണിവേഴ്സിറ്റിയിൽ സേർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി ഡോ: ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വലിയ വിവാദമായിരുന്നു. യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധി കൂടാതെ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റി ഘടനയെ കോടതിയിൽ ചോദ്യം ചെയ്യുന്നവർ തന്നെ പ്രതിനിധി തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും ഷിനോ പറഞ്ഞു.