കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും എൽ.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാവൂരിൽ കേരള കർഷക തൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാത മുണ്ടാക്കും. വിശ്വാസികളോടും അവിശ്വാസികളോടുമൊപ്പം നിൽക്കുന്ന നിലപാടാണ് സി.പി.എമ്മിന്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദികൾ വിശ്വാസികളുമല്ല. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർ.എസ്.എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്.
കഴിഞ്ഞ തവണ ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന പ്രചാരണം തിരിച്ചടിയായി. ഇത്തവണ ഇന്ത്യ സഖ്യം ജയിക്കണമെന്ന് മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം. പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സി.പി.ഐയും ജയിച്ചാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങളുൾപ്പെടെ ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തിൽ നേട്ടമായത്.
വടകരയിലും കോഴിക്കോട്ടും യു.ഡി.എഫിന് ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് പ്രബലമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ മലബാറിലുള്ളതുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയുടെ വനിതകൾ നന്നായി ജനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. അവർ യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിച്ചു. അത് മലബാറിൽ യു.ഡി.എഫിനു വലിയ നേട്ടമായി. ബി.ജെ.പി. തൃശൂരിൽ ജയിച്ചതു ഗൗരവമുള്ള കാര്യമാണ്. തൃശൂരിൽ കോൺഗ്രസിന്റെ 86,000 വോട്ട് കുറഞ്ഞു. എൽ.ഡി.എഫ് വോട്ടും ചോർന്നു. പരമ്പരാഗത വോട്ടുകളാണ് ചോർന്നതന്നും ഗോവിന്ദൻ പറഞ്ഞു.