കൊച്ചി: സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള കോളേജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം.
കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെ കോളേജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണ മുറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സംഘർഷത്തിനുശേഷം കോളേജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. പ്രിൻസിപ്പലടക്കമുള്ളവർക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളേജ് ഹൈക്കോടതിയെ സമീപിച്ചത്.
കോളേജിലേക്കു നടത്തിയ മാർച്ചിൽ പ്രിൻസിപ്പല്‍ സുനിൽ ഭാസ്കറിനെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോളേജ് ഹൈക്കോടതിയെ സമീപിക്കുകയും സംരക്ഷണം നൽകാൻ പോലീസിനു കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.