മനാമ: 2024 ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൊത്തം 706.68 ദശലക്ഷം ഡോളറയി വർധിച്ചു. ബഹ്റൈനിലെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്ഥിരമായ വളർച്ച കൈവരിക്കുന്നതായാണ് കണക്കുകൾ. 2019ലും 2020ലും വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് വർധിച്ചു. ബഹ്റൈനിന്റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയും, ഒമ്പതാമത്തെ കയറ്റുമതി പങ്കാളിയുമാണ് ഇന്ത്യ.
ബഹ്റൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 352.11 ദശലക്ഷം ഡോളറാണ്. ബഹ്റൈനിൽനിന്നുള്ള ഇറക്കുമതി 354.57 ദശലക്ഷം ഡോളറാണ്. ഇന്ത്യയിൽനിന്നുള്ള ബഹ്റൈന്റെ അരി ഇറക്കുമതി 2023ൽ 68 ദശലക്ഷം ഡോളറായിരുന്നു. 2022ൽ ഇത് 51 ദശലക്ഷം ഡോളറായിരുന്നു. 33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ബഹ്റൈൻ ഇറക്കുമതി ചെയ്യുന്ന 10 ചരക്കുകളിൽ 83 ശതമാനവും അരിയാണ്.ഇന്ത്യയിൽനിന്നുള്ള ബഹ്റൈൻ ഇറക്കുമതിയുടെ 11 ശതമാനം സ്വർണാഭരണങ്ങളാണ്. 26.07 ദശലക്ഷം ഡോളർ മൂല്യമുള്ള 157 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 97,000 സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. 23 ദശലക്ഷം ഡോളർ വിലമതിക്കുന്ന 2,000 കാറുകളും ബഹ്റൈൻ ഇറക്കുമതി ചെയ്തു. 22 ദശലക്ഷം ഡോളർ വിലമതിക്കുന്ന 5.5 ദശലക്ഷം കിലോഗ്രാം ബീഫും ഇറക്കുമതി ചെയ്തു.