മനാമ: എക്സിബിഷന് വ്യവസായ മേഖലയിലെ ആഗോള സംഘടനയായ യു.എഫ്.ഐയുടെ 93ാമത് ഗ്ലോബല്‍ കോണ്‍ഗ്രസിന് 2026ല്‍ ബഹ്റൈന്‍ ആതിഥേയത്വം വഹിക്കും. ആഗോള എക്സിബിഷന് വ്യവസായ മേഖലയില്‍ അതിപ്രശസ്തമായ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ആദ്യമായാണ് രാജ്യത്തിന് അവസരം ലഭിക്കുന്നത്.
ഈയിടെ സൂറിച്ചില്‍ നടന്ന യു.എഫ്.ഐ. യൂറോപ്യന്‍ കോണ്‍ഫറന്‍സ് 2024ല്‍ വെച്ചാണ് ബഹ്റൈനെ ഇതിനായി തെരഞ്ഞെടുത്തത്. എക്സിബിഷന് വ്യവസായ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്.
ഇതുവഴി രാജ്യത്തിന് വലിയൊരു ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് ബഹ്റൈന്‍ ടൂറിസം വകുപ്പ് മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു. ഈ വ്യവസായ മേഖലയില്‍ രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. കോണ്‍ഫറന്‍സ് പ്രതിനിധികളെ രാജ്യം ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്നും മന്ത്രി പറഞ്ഞു.
2024ല്‍ കൊളോണിലും 2025ല്‍ ഹോംഗ്കോങിലും നടന്ന കോണ്‍ഗ്രസുകള്‍ക്കു ശേഷം അടുത്തത് ബഹ്റൈനില്‍ നടക്കുന്നതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യു.എഫ്.ഐ. പ്രസിഡന്റ് ജോഫ് ഡിക്കിന്‍സണ്‍ പറഞ്ഞു. 2022ല്‍ ഒമാനില്‍ നടന്നതിനു ശേഷം ഈ സംഗമം വീണ്ടും ഗള്‍ഫ് മേഖലയില്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.