തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്.
കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിൽ മന്ത്രിയായ കേളു വയനാട്ടിലെ മാനന്തവാടി എം.എല്‍.എയാണ്. കെ. രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി.
സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എ എ റഹീം എം പി, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, ജനപ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കല, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.