തിരുവനന്തപുരം: സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സി.പി.എം. വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചാരണത്തിനു പിന്നിൽ അറിയപ്പെടുന്ന സി.പി.എം. നേതാക്കളായിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. പോലീസ്
കർശന നടപടി എടുക്കുന്നില്ലെന്നിൽ യു.ഡി.എഫ്. ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിലെ ‘കാഫിർ’ പ്രയോഗം സി.പി.എം സൃഷ്ടിയായിരുന്നെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘ്പരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സി.പി.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിനു വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി എം. നേതാക്കൾ പോലും മറന്നു. സി.പി.എമ്മിൽനിന്ന് സംഘ്പരിവാറിലേക്ക് അധികം ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു.
വർഗീയ പ്രചാരണം രാഷ്ട്രീയ ലാഭത്തിനുപയോഗിച്ചത് സി.പി.എമ്മിൻ്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിൻ്റെ വിത്തുവിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ലെന്നും സതീശൻ പറഞ്ഞു.