തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. നിലവിൽ ഒഴിവുള്ള സീറ്റുകളിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ടു സീറ്റുകളിലൊന്ന് സി.പി.ഐക്കും മറ്റൊന്ന് കേരള കോൺഗ്രസ് എമ്മിനും നൽകും. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണി കനത്ത തോൽവി ഏറ്റുവാങ്ങുകയും സി.പി.ഐയും കേരള കോൺഗ്രസ് എമ്മും സീറ്റിന് കടുംപിടുത്തം പിടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു.
ഇടതുമുന്നണി ടീമായി പ്രവർത്തിക്കുന്നു എന്ന് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയിൽ ഐക്യവും കെട്ടുറപ്പുമുണ്ട്. സി.പി.എമ്മിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും പാർട്ടി സവിശേഷ നിലപാടെടുത്തത് മുന്നണിയെ മുന്നോട്ടു നയിക്കാനാണ്. തെരഞ്ഞെടുപ്പ് തോൽവിയും ഈ തീരുമാനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയാകും. പി പി സുനീർ സിപിഐ രാജ്യസഭാ സ്ഥാനാർത്ഥിയാകും.