തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടാണുള്ളത്. 29-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ചൊവ്വാഴ്ച നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലായി നാല് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു.
വേമ്പനാട്ടുകായലില്‍ വള്ളംമറിഞ്ഞ് വൈക്കം സ്വദേശി മരിച്ചു. ചെമ്പ് കിഴക്കേകാട്ടമ്പള്ളി സദാനന്ദന്(57) ആണ് മരിച്ചത്. വേമ്പനാട്ടുകായലിന്റെ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തായിരുന്നു അപകടം. വള്ളത്തില്‍ നിന്ന് വല വലിക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ സദാനന്ദന് കായലിലേക്ക് വീഴുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാവേലിക്കരയില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദാണ് മരിച്ചത്. വീടിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന അരവിന്ദിന്റെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ഇടുക്കി മറയൂര്‍ കോവില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്കന് മരിച്ചു. പാമ്പാര്‍ സ്വദേശി രാജന് (57) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടിയില്‍ കാല് വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, അടുത്തുള്ള കടവില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം പുലിമൂട്ടിലിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. നാല് പേര് പോയ വള്ളം പുലിമൂട്ടിലിടിച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു.
തിരുവനന്തപുരം നഗരത്തില്‍ കിള്ളിയാര്‍ കരകവിഞ്ഞ് നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. മണിക്കൂറോളം മഴ തകര്‍ത്തുപെയ്തതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. വർക്കല പാപനാശത്തിന് പിന്നിലെ ബലിമണ്ഡപത്തിന്റെ ഭാഗത്തെ കുന്നിടിഞ്ഞതോടെ ബലിതര്‍പ്പണ ചടങ്ങുകൾ നടത്തിയില്ല. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.
കൊച്ചിയിലും സ്ഥിതി രൂക്ഷമായിരുന്നു. മഴ കനത്തതോടെ അരൂര്‍ ഇടപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. വൈറ്റില മുതല്‍ കളമശ്ശേരി വരെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫോര്‍ട്ട് കൊച്ചിയില്‍ ബസ്സിന് മുകളില്‍ മരം വീണെങ്കിലും വലിയ അപകടമുണ്ടായില്ല. സര്‍വീസ് റോഡുകളും നിരവധി വീടുകളും വെള്ളത്തിലായി. ഇടപ്പള്ളി ടോള്‍ ജങ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളുടെ എഞ്ചിനുകളില്‍ വെള്ളം കയറി. അങ്കമാലി കെ.എസ്.ആര്.ടി.സി സ്റ്റാൻഡിലും വെള്ളം കയറി. ഇൻഫോപാർക്ക് കാംപസ് മഴയിൽ മുങ്ങി. സമീപപ്രദേശങ്ങളെല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു.
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. തലനാട്, മേലുകാവ്, പൂഞ്ഞാർ പഞ്ചായത്തുകളിൽ ഉരുൾപൊട്ടി. തീക്കോയി കല്ലം, മൂന്നിലവ് കുറിഞ്ഞിപ്ലാവ് പ്രദേശങ്ങളിൽ മണ്ണിടിഞ്ഞും അപകടമുണ്ടായി.
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഉത്തരവിട്ടു.