മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ ബഹ്റൈനിൽ നിന്നും നിയമ വിധേയമായി അയക്കുന്ന പണത്തിൽ കുറവുണ്ടാവുകയും നിയമ വിരുദ്ധ വഴികളിലൂടെ പണം അയക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യൂമെന്ന് ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കൂടാതെ കള്ളപണ ഇടപാടുകൾ വർദ്ധിക്കുകയും രാജ്യത്തിന്റെ പദവിക്കും പ്രശസ്തിക്കും മങ്ങലേൽക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി. ഇതോടൊപ്പം മറ്റ് പല രാജ്യങ്ങളുമായി ബഹ്റൈൻ ഉണ്ടാക്കിയിട്ടുള്ള കരാറുകൾ ലംഘിക്കപ്പെടാനും ഇത്തരമൊരു നീക്കം വഴിവെക്കുമെന്നും അത് വഴി വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയുമെന്നും ശൂറകൗൺസിൽ വ്യക്തമാക്കി. പാർലമെന്റ് നിർദേശങ്ങൾ ശൂറ കൗൺസിൽ പാസാക്കിയാൽ മാത്രമേ മന്ത്രിസഭയിൽ ചർച്ചക്ക് വരുകയുള്ളൂ.