തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി വി ഡി സതീശൻ. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സര്ക്കാര് പരാജയപ്പെട്ടു. ശബരിമല നാഥനില്ലാ കളരിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ദേവസ്വം മന്ത്രിക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടേ. ശബരിമലയിൽ ആവശ്യത്തിന് പൊലീസ് ഇല്ല. പൊലീസ് ഉദ്യോഗസ്ഥർ മോശമായി അയ്യപ്പ ഭക്തരോട് പെരുമാറുന്നു. ശബരിമലയിൽ ഏകോപനമില്ല. 2000ലധികം പൊലീസിനെയാണ് നവകേരള സദസ്സിന് നിയോഗിച്ചിരിക്കുന്നത്. ആവശ്യമാണെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ എം പിമാർ സർക്കാർ പറയുന്ന കാര്യങ്ങളിൽ ഒപ്പിടേണ്ടവരല്ല. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. അവർ പ്രത്യേക നിവേദനം കേന്ദ്രധനകാര്യമന്ത്രിക്ക് കൊടുക്കും. ശബരിമലയിലേക്ക് അയച്ച യുഡിഎഫ് പ്രതിനിധി സംഘം ഉടൻ റിപ്പോർട്ട് നൽകും കൊടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിച്ചത് പൊലീസാണെന്നും എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ വെക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിൽ കാര്യങ്ങൾ പറയണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാര്യങ്ങൾ പറഞ്ഞ കെ കെ ശൈലജയ്ക്കും എം പി തോമസ് ചാഴികാടനും അവഹേളനമാണ് ലഭിച്ചത്. റബ്ബർ കർഷകരുടെ കാര്യം പറഞ്ഞപ്പോൾ ചാഴികാടനെ അവഹേളിച്ചു. കോട്ടയത്തെ എം പി എവിടെവെച്ചാണ് റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പറയേണ്ടതെന്ന് വി ഡി സതീശൻ ചോദിച്ചു.
ഗവർണർക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത് എന്ന ആരോപണങ്ങളിലും വി ഡി സതീശൻ പ്രതികരിച്ചു. ഏതു കാലത്താണ് ഗവർണറെ പ്രതിപക്ഷം വിമർശിക്കാത്തത്. സംഘപരിവാർ അംഗത്തെ ഗവർണറുടെ സ്റ്റാഫാക്കി. അത് പ്രതിപക്ഷം തുറന്നുപറഞ്ഞു. അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയാണ് ചെയ്തത്. ഗവർണറെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചതിന് ശേഷം ഇപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ ചതിച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗവർണറെ കരിങ്കൊടി കാണിച്ചാൽ കൈകൊടുക്കണം, മുഖ്യമന്ത്രിക്ക് കരിങ്കൊടിയെങ്കിൽ വധശ്രമത്തിന് കേസ് എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടമാണുണ്ടായിരിക്കുന്നതെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.