തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പിണറായി വിജയന് പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ സുരക്ഷയ്ക്കും മറ്റും വെറും 615 പോലീസുകാരെ മാത്രമാണ് വിന്യസിച്ചിരിക്കുന്നത്. നവകേരളസദസ്സിലെ പിണറായി ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിട്ടുനല്കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം. ശബരിമലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന് പറഞ്ഞു.