ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. പോലീസ് ഏറ്റുമുട്ടലിലാണ് ജുനൈദ്, ഇമ്രാന് എന്നിവരടക്കമുള്ള അഞ്ചുപ്രതികളെയും പിടികൂടിയത്. പോലീസ് നടത്തിയ വെടിവെപ്പില്‍ ജുനൈദിനും ഇമ്രാനും പരിക്കേറ്റിട്ടുണ്ട്. നവംബര്‍ 30-നാണ് ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ ഡല്‍ഹി സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. ട്രോണിക്ക സിറ്റിയിലെ ആളൊഴിഞ്ഞ റോഡില്‍ സുഹൃത്തിനൊപ്പം സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് അഞ്ചംഗസംഘം യുവതിയെ ഉപദ്രവിച്ചത്. കേസിലെ മുഖ്യപ്രതിയായ ജുനൈദാണ് യുവതികളെ ആദ്യം കണ്ടത്. ഇയാള്‍ സുഹൃത്തായ ഇമ്രാനെയും മറ്റുകൂട്ടാളികളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയെന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്.
ഡല്‍ഹി സ്വദേശിനിയെ ബലാത്സംഗം ചെയ്തശേഷം സുഹൃത്തായ യുവതിയെയും പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ സമയം ഒരുവാഹനം ഈ വഴിയിലൂടെ വന്നതിനാല്‍ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ജുനൈദിനെയാണ് ആദ്യം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ പോലീസ് തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ ഇരുകാലുകളിലും വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന ജുനൈദിനെ ചോദ്യംചെയ്തതില്‍നിന്നാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ കണ്ടെത്തിയ പോലീസ് സംഘം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. പിന്നാലെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പോലീസ് തിരിച്ചടിക്കുകയും ഏറ്റുമുട്ടലിനൊടുവില്‍ പ്രതികളെ കീഴടക്കുകയുമായിരുന്നു. പോലീസ് വെടിവെപ്പില്‍ ഇമ്രാന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. പ്രതികളില്‍നിന്ന് ഒരു തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.