മനാമ: പത്താമത് ബഹ്റൈൻ ഇന്റർനാഷണൽ ഇ-ഗവൺമെന്റ് ഫോറം ഒക്ടോബർ 9 മുതൽ 11 വരെ ഗ്രാൻഡ് ഹാളിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കും. ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ആണ് ഫോറം സംഘടിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (എംസിഐസിടി) മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ജനറൽ റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ‘എഐ – വ്യവസായങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നു’ എന്ന എന്ന പ്രമേയത്തിലാണ് ഫോറം നടക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൂതന സാങ്കേതികവിദ്യകളുടെ മുൻനിരയിൽ നിൽക്കുന്നത് എങ്ങനെയെന്ന് പര്യവേക്ഷണം ചെയ്യും. സാമ്പത്തിക സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗവൺമെന്റ് പ്രവർത്തനങ്ങൾ തുടങ്ങിയ ഡൊമെയ്നുകളിൽ വ്യാപിച്ചുകിടക്കുന്ന AI-യുടെ ആപ്ലിക്കേഷനുകളിൽ ചർച്ചകൾ ശ്രദ്ധ പതിപ്പിക്കും.
ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ, സാങ്കേതികവിദ്യാ പ്രേമികൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർ ഫോറത്തിൽ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫർമേഷൻ ടെക്നോളജി (ഐടി) എന്നിവയിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര പ്രാസംഗികർ ഫോറത്തിൽ സംസാരിക്കും.