ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്ന് നിരവധിയാളുകൾ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്.
‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. കുറച്ചാളുകൾ പ്രകാശ് രാജിനെ അനുകൂലിച്ചും എത്തുന്നുണ്ട്. ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു. പ്രകാശ് രാജിന്റെ പഴയ പോസ്റ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. ചിലർ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളും പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയായി പങ്കുവെക്കുന്നുണ്ട്.