മനാമ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡന്റിന്റെ അബുദാബിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും യുഎഇയും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുന്നതിന്റെ സൂചനകളെ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.
യു.എ.ഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ഹമദ് രാജാവിന്റെ ആത്മാർത്ഥമായ അനുശോചനത്തിന് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു.
കൂടിക്കാഴ്ചയിൽ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന, കായികകാര്യ സുപ്രീം കൗൺസിൽ ഒന്നാം ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെ കൂടാതെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. യു.എ.ഇ പ്രസിഡന്റിനോടൊപ്പം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.