മനാമ: കോവിഡ് -19 തടസ്സങ്ങൾ കാരണം മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന വർക്ക് പെർമിറ്റിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഓഗസ്റ്റ് 9 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്. ഇതോടെ സ്വകാര്യ തൊഴിലുടമകൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാൻ സാധിക്കും.
കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തെ തുടർന്നാണ് എൽഎംആർഎ യുടെ ഈ പ്രഖ്യാപനം.
താത്പര്യമുള്ള ബഹ്റൈനികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാം. പ്രാദേശിക പത്രങ്ങളിൽ ഒഴിവുകൾ സംബന്ധിച്ച പരസ്യം നൽകണം. പരസ്യം പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ലെങ്കിൽ തൊഴിൽ ദാതാവിന് വിദേശത്ത് നിന്നും ആളുകളെ എടുക്കാം എന്ന രീതിയിൽ എൽഎംആർഎ സ്വകാര്യമേഖലയിലെ നിയമന പ്രക്രിയയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഈ തീരുമാനം പ്രാദേശിക നിയമനത്തിന് മുൻഗണന നൽകാനും ബഹ്റൈനികളെയും നിലവിൽ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും സഹായിക്കുമെന്ന് എൽഎംആർഎ വിശദീകരിച്ചു.