തിരുവനന്തപുരം: ഏകസിവിൽ കോഡ് ഇന്ത്യയെ ദുർബലമാക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകൾ എന്നീ മേഖലകളിൽ മാത്രമാണ് നിലവിൽ വിവിധ ആദിവാസി ഗോത്രവർഗങ്ങൾക്കിടയിലും വ്യത്യസ്ത മതസമുദായങ്ങൾക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നതെന്നും അവയെല്ലാം കൂടി ചേർത്ത് അവിയലാക്കി മാറ്റണമെന്നാണ് ഏകസിവിൽകോഡു പ്രേമികൾ വാദിക്കുന്നതെന്നും ജലീൽ പറഞ്ഞു. വ്യക്തിനിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം വേണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിൻ്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തൻ പടപ്പുറപ്പാടാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഏകസിവിൽ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിൻ്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരിക. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണമെന്നും ജലീൽ വ്യക്തമാക്കി. പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും മുത്തലാഖ് ബില്ലിലും ബാബരീ മസ്ജിദിലും എടുത്ത അഴകൊഴമ്പൻ നിലപാടാണ് ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കുറിച്ചു.