പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട കൊമൺചിറ പാറപ്പാട്ട് മേലേതിൽ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെയുള്ള മൂന്നാമത്തെ എലിപ്പനി മരണമാണിത്.
മഴക്കാലമായതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. എച്ച്1 എൻ1 പനി ബാധിച്ച 17 കേസുകളും രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജില്ലയിൽ ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വൈറൽ പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപെട്ടു. ടൈപ്-3, ടൈപ് 4 (ഡെൻ വി3, ഡെൻ വി4) വൈറസുകളുടെ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതർക്കുണ്ട്. ഡെങ്കി രോഗാണുവായ വൈറസ് ടൈപ്-2 2017ൽ വ്യാപകമായപ്പോൾ 2,11,993 പേർ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടുകയും ഇതിൽ 165 പേർ മരിക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.