മനാമ: 49-ാമത് ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷന് ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹറിൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റിസിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മെയ് 11 മുതൽ ജൂലൈ 10 വരെ നീണ്ടു നിൽക്കുന്ന പ്രദർശനം ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. 55 ബഹ്റൈനികളുടെയും പ്രവാസി കലാകാരന്മാരുടെയും വൈവിധ്യമാർന്ന കലാപരമായ സൃഷ്ടികളെ ആകർഷിക്കുന്നതിന് പ്രദർശനം വഴിയൊരുക്കുന്നു. പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഇൻസ്റ്റാളേഷൻ വർക്കുകൾ, ഫോട്ടോഗ്രാഫി, വീഡിയോ തുടങ്ങി 100 ലധികം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ബഹ്റൈനിലെ വിശിഷ്ട കലാകാരനും ശില്പിയുമായ ഖലീൽ അൽ ഹാഷിമിയുടെ സ്മരണാർത്ഥമാണ് ഈ വർഷത്തെ ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷൻ നടക്കുന്നത്. പ്രദർശനത്തിന്റെ ഒരു വിഭാഗത്തിൽ ഖലീൽ അൽ ഹാഷിമിയുടെ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും എക്സിബിഷനിലെ ആദ്യ വിജയിക്ക് നൽകുന്ന സമ്മാനമായ അൽ-ദാന അവാർഡ് പ്രതിമ അൽ ഹാഷിമിയാണ് രൂപകൽപ്പന ചെയ്തത്. എക്സിബിഷന്റെ മൂന്ന് വാർഷിക അവാർഡുകളുടെ വിജയികളെ എക്സിബിഷന്റെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചു. അന്തരിച്ച ബഹ്റൈൻ കലാകാരനായ ഖലീൽ അൽ ഹാഷിമി രൂപകല്പന ചെയ്ത അൽ-ദാന പ്രതിമ നൽകിയാണ് വിജയിയെ ആദരിക്കുക. ഒന്നാം സ്ഥാനത്തിനുള്ള അൽ-ദാന അവാർഡ് ഡോ. മയ്യാസ അൽസവൈദിയും രണ്ടാം സ്ഥാനം നദാ അൽമുഖാവിയും സൽമാൻ നജെം മൂന്നാം സ്ഥാനവും നേടി.
ബഹ്റൈനിൽ നടക്കുന്ന ഏറ്റവും വലുതും പ്രമുഖവുമായ വാർഷിക കലാപ്രദർശനങ്ങളിലൊന്നാണ് ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷൻ. യുവപ്രതിഭകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി കലാകാരന്മാരെ ഇത് ആകർഷിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.