കൊച്ചി: കേരളത്തിലെ യുവാക്കളുമായി സംവദിക്കാനാണ് പ്രധാനമന്ത്രി എത്തിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുൻ എം.പിയും നടനുമായ സുരേഷ് ഗോപി. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടിനു വേണ്ടിയാണോ മോദി വന്നതെന്ന ചോദ്യത്തിന് , ‘അതങ്ങു മാറ്റിവയ്ക്ക്, നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിനു വേണ്ടിയാണോ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഡി.വൈ.എഫ്.ഐയുടെ ചോദ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അവർ ആരാ? പോകാൻ പറ” എന്നായിരുന്നു മറുപടി.
ഇന്നലെ കൊച്ചിയിലായിരുന്നു യുവം പരിപാടി. പ്രധാമന്ത്രി നരേന്ദ്രേമോദിയാണ് ഉദ്ഘാടനം ചെയ്തത്. തേവര എസ്.എച്ച് കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ആന്റണി, കേന്ദ്രമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി, എം.പി.മാരായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ അഗർവാൾ എന്നിവരും അപർണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും പങ്കെടുത്തു.