ന്യൂഡൽഹി: പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്നുമുതൽ നിലവിൽ വരും. ഉപഭോക്താക്കൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് നിയമം. ഇതുപ്രകാരം ഇനി ഒരു കോടി രൂപ വരെയുള്ള പരാതികൾ ഇനിമുതൽ ജില്ലാതലത്തിൽ പരിഹരിക്കപ്പെടും. എവിടെനിന്നു വാങ്ങിയാലും പരാതി സ്വന്തം നാട്ടിൽ പരിഹരിക്കാൻ സാധിക്കും. പരസ്യങ്ങളിൽ വിശ്വാസ്യത പ്രധാനമാണ്. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നത് വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സാധ്യമാണ്.
പുതിയ നിയമത്തിന്റെ പ്രധാന നേട്ടം ഉപഭോക്താവ് ഒരു പരാതി കൊടുത്താൽ മൂന്നു മാസത്തിനകം പരാതിക്കു തീർപ്പുണ്ടാകും എന്നതാണ് . ഒരു ഉൽപ്പന്നം വാങ്ങി അതിന്റെ ലബോറട്ടറി പരിശോധന നടത്തണമെങ്കിൽ പരമാവധി അഞ്ചു മാസം എന്നതാണ് നിർദ്ദേശം.
2019 ഓഗസ്റ്റ് 6 നാണ് പാർലമെന്റ് നിയമം പാസാക്കിയത്. ഈ മാസം പതിനഞ്ചാം തീയതിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമമാണ് ഇതുവരെ നിലനിന്നിരുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഉപഭോക്തൃ നിയമത്തിൽ മാറ്റം വരുന്നത്.