ചെന്നൈ: ലൈംഗികാതിക്രമ പരാതികളുമായി ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനുകീഴിലുള്ള രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സ് കോളേജിലെ നൂറിലധികം വിദ്യാർത്ഥികൾ. പൂർവ വിദ്യാർത്ഥിയുടെ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനെതിരെ ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. വിദ്യാർഥികൾ രണ്ട് ദിവസമായി കോളേജിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി.
അധ്യാപകൻ സമൂഹമാധ്യമങ്ങളിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങളും കമന്റുകളും അയച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ അധ്യാപകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും അയാൾ കാരണം പഠനം നിർത്തേണ്ടി വന്നെന്നും യുവതി പരാതിയിൽ ആരോപിച്ചു. സ്ഥാപനം വിട്ട ശേഷവും അധ്യാപകൻ യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറോളം സ്ത്രീകൾ നാല് പുരുഷ ഫാക്കൽറ്റി അംഗങ്ങൾ വാക്കാൽ അധിക്ഷേപിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി തമിഴ്നാട് വനിതാ കമ്മീഷനിൽ പരാതി നൽകി.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ എസ് കുമാരി കാമ്പസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തി. “2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല സ്ത്രീകളും പറഞ്ഞു. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കും,” അഞ്ച് മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം അവർ പറഞ്ഞു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.