മനാമ: ബഹ്റൈന്റെ ജിഡിപി വളർച്ചാ നിരക്ക് 2022ൽ 4.9 ശതമാനം വർദ്ധനയോടെ പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എണ്ണയിതര മേഖലയിലെ ജി.ഡി.പി വളർച്ച 6.2 ശതമാനമാണ്. 2012നു ശേഷമുള്ള ഉയർന്ന നിരക്കാണിത്. കോവിഡിനുശേഷം സാമ്പത്തികാവസ്ഥ തിരിച്ചുകൊണ്ടുവരാനുദ്ദേശിച്ച് നടപ്പാക്കിയ പദ്ധതി ലക്ഷ്യമിട്ടതിനേക്കാൾ അഞ്ചുശതമാനം ഉയർന്ന വളർച്ച രേഖപ്പെടുത്തി. രണ്ടുവർഷക്കാലാവധിയിൽ സാമ്പത്തികസ്ഥിതി തിരിച്ചുകൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെ 2021ലാണ് പദ്ധതി പ്രഖ്യാപിച്ചത്.
സാമ്പത്തിക ഉത്തേജന പാക്കേജും ബജറ്റ് സന്തുലന പദ്ധതിയും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് പോയവർഷത്തെ സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണവും സാമ്പത്തിക മേഖലക്ക് കരുത്തു പകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാമ്പത്തിക സുസ്ഥിരത കൈവരിക്കാനായി വരവുചെലവ് സംബന്ധിച്ച അന്തരം 2024ഓടെ കുറച്ചുകൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.