തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകനാണ് ഷങ്കർ. അദ്ദേഹത്തിൻ്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം തെലുങ്കിലാണ്. രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.’ഗെയിം ചേഞ്ചർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം.
പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം നിർമ്മിക്കുന്നത് ദിൽ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ്.ജെ സൂര്യ, ശ്രീകാന്ത്, സുനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്.യു വെങ്കിടേശൻ, ഫര്‍ഹാസ് സാംജി, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഹനിർമ്മാണം ഹർഷിത്, ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം എസ് തമൻ.
2021 ന്റെ ആദ്യ പാദത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ആണ് ശങ്കറിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.