തിരുവനന്തപുരം: സി.പി.എം നേതാവ് എ.കെ ഗോപാലനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും പാർലമെന്റും നിയമസഭയും ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പാർലമെന്ററി വേദി ഫലപ്രദമായി ഉപയോഗിച്ച എ.കെ.ജിയുടെ സ്മരണ ദേശീയ- സംസ്ഥാന ഭരണാധികാരികൾക്ക് പ്രചോദനമാകട്ടെയെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
താൻ കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോൾ എം.എൽ.എ ഹോസ്റ്റലിൽ വച്ച് എ.കെ.ജിയെ കണ്ടുമുട്ടിയെന്നും അന്നത്തെ ഹൃദയംഗമമായ ആശയവിനിമയം അവിസ്മരണീയമായ അനുഭവമായി ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുവെന്നും സുധീരൻ കുറിച്ചു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അര്‍പ്പിക്കുന്നുവെന്നും സുധീരൻ കുറിച്ചു.