കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതി ഊർജിതമാക്കും. ഇതിനായി സഹായം നൽകുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവേ നടത്താൻ ലോകബാങ്കുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോകബാങ്ക് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് ലോകബാങ്ക് വിദഗ്ദ്ധ സഹായവും വായ്പയും വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള ഖരമാലിന്യ സംസ്കരണത്തിന്റെ ഫണ്ട് അടിയന്തരമായി വിനിയോഗിക്കാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിൽ (ഐഎസ്ഡബ്ല്യുഎ) നിന്നുള്ള വിദഗ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ മന്ത്രിയുമായും സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികൾ ആവിഷ്കരിക്കും.
ഡ്രോൺ സർവേയെത്തുടർന്ന് മാലിന്യ നിർമാർജന കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാനും തയ്യാറാണെന്ന് ലോകബാങ്ക് സംഘം അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതിനിർവ്വഹണ വിഭാഗം ആരംഭിക്കുന്നതാണ് ഉചിതമെന്ന് ലോകബാങ്ക് സംഘം നിർദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.