തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനം. ഈ മാസം 30 വരെ സഭാ സമ്മേളനം തുടരും. നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായി സഭ തടസപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കർ ഉപദേശക സമിതി യോഗം വിളിച്ചത്.
പ്രതിപക്ഷത്തിന്റെ നിസ്സഹകരണം ഉണ്ടാവുകയും സഭ പ്രക്ഷുബ്ധമാവുകയും ചെയ്ത സമയത്താണ് യോഗം ചേർന്നത്. എന്നാൽ സഭാനടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിനെ സ്പീക്കർ എതിർത്തു. ഷെഡ്യൂൾ ചെയ്ത നാല് ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്.
പോത്തൻകോട് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അവതരണത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമാന്തര നിയമസഭ നടത്തി. തുടർന്ന് സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.